Wednesday, January 22, 2014

ഒരു കുഞ്ഞുമിടുക്ക്

തൊട്ടടുത്ത ഫ്ലാറ്റിലെ
കുഞ്ഞു കുട്ടിയാണ്
രണ്ടു കുടുംബങ്ങള്‍ക്കിടയിലെ
കല്ല്‌ ഭിത്തി തകര്‍ത്ത് ,
പകരം നിറയെ ചിരികളും
ഒരുപാട് കുസൃതികളും നിറച്ചത്.

ടെലിവിഷനില്‍നിന്നും
ഇടയ്ക്കിടെ ഉയരുന്ന ശബ്ദത്തെപ്രതി  
ഇത്ര കാലം ഞങ്ങള്‍ സൂക്ഷിച്ചിരുന്ന
കനത്ത മൌനത്തിലേയ്ക്ക്
അതിലും ഉയര്‍ന്ന കരച്ചിലോടെ വന്ന്
ഞങ്ങളുടെ വാതിലുകള്‍ തുറന്നിട്ട
ഒരു വയസ്സുകാരന്‍റെ
മിടുക്ക് നോക്കണേ.

അവന്‍ തുറക്കുന്ന വാതിലുകള്‍
ഞങ്ങളാരും അടച്ചില്ല.
അവ തുറന്നു തന്നെ കിടന്നു
അതിലൂടെ ഇഴഞ്ഞും വീണും നടന്നും
അവനൊരു പുതിയ വഴി വെട്ടി.
ഇപ്പോള്‍ ഞങ്ങളും
അത് വഴി സഞ്ചരിക്കുന്നു.

എവിടെയോ കിടന്ന കൊല്ലത്തെയും
മറ്റെവിടെയോ കിടന്ന ഇടുക്കിയെയും
വലിച്ചടുപ്പിക്കാന്‍
പഠിച്ചു പാസായ ഞങ്ങള്‍ക്കായില്ല
പല്ലു പോലും മുളക്കാത്ത
ഒരു കുഞ്ഞു ചെക്കന്‍
എത്ര ലാഘവത്തോടെയാണ്
അതിരുകള്‍ വെട്ടിമാറ്റിയത്. 

3 comments:

  1. വളര്‍ന്നു വലുതായവര്‍ക്ക് സ്നേഹത്തിന്റെ വിലയറിയുമോ..., ഒരു ജില്ലയെ രണ്ടു സംസ്ഥാനമാക്കും വേണേല്‍ ....

    ReplyDelete
  2. നല്ല കവിത.


    ശുഭാശംസകൾ.....

    ReplyDelete
  3. അല്ലെങ്കിലും അങ്ങനാ...പ്രായമേറുംതോറും ചുറ്റിനും പണിതീര്‍ക്കുന്ന മതിലില്‍ ഒരു നിര കല്ലുകൂടി വയ്ക്കുവാ നമ്മള്‍ ചെയ്യുന്നേ...:)

    ReplyDelete