Friday, September 27, 2013

പ്രകൃതിയും പ്രാണനും

കവിതകളില്‍ മഴ നിലയ്ക്കാതെ പെയ്യുകയും 
ചുംബനങ്ങളില്‍ പൂക്കള്‍ വാടാതെ നില്‍ക്കുകയും 
ഓര്‍മ്മകളില്‍ നിറങ്ങള്‍ 
വാരിത്തൂവുകയും ചെയ്യുന്ന പ്രണയം .. 
നിന്നെ പ്രണയിച്ചപ്പോഴെല്ലാം മഴയെയും .. 
നിന്നെ ചുംബിച്ചപ്പോഴെല്ലാം പൂക്കാലത്തെയും 
നിന്നെ ഓര്‍ത്തപ്പോഴെല്ലാം
മഴവില്ലുകളെയും ഞാനറിഞ്ഞു .. 

നീയെന്‍റെ പ്രകൃതിയും പ്രാണനും തന്നെ... !!

ഒരു യാത്ര

പച്ചപ്പിനും നനഞ്ഞ മണ്ണിനും മീതേ ,
മേഘക്കീറുകളില്‍ പൂത്തുനില്‍ക്കുന്ന
അന്ധകാരത്തിലേയ്ക്ക് പറന്നുകയറുമ്പോള്‍ ,
നിറഞ്ഞ കണ്ണുകളില്‍നിന്നും
അറിയാതെ തുളുമ്പിപ്പോയ ബാഷ്പങ്ങള്‍
ഓര്‍മ്മകളെ നനച്ചുവോ ..

Wednesday, September 25, 2013

നിസ്സഹായത

അവരുടെ ഓരോ നോട്ടങ്ങളില്‍നിന്നും
എന്നിലേയ്ക്ക് ഭയത്തിന്‍റെ ചെന്നായ്കൂട്ടങ്ങള്‍
കൊടുംകാടുകളിറങ്ങിയെത്തി.. !~! 

തടുക്കാനുള്ള കൂരമ്പ്‌
എന്‍റെ കണ്ണുകളില്‍ മാത്രമായിരുന്നു.. 

മുന കൂര്‍പ്പിച്ച അമ്പുകള്‍ക്ക്
എത്ര കഴുകന്മാരെ തുരത്താനാവും ?? 

കണ്ണുകള്‍ മിഴിച്ചു നില്‍ക്കുന്ന നിസ്സഹായതയാണ് 
എപ്പോഴോക്കെയോ സ്ത്രീയും ..
ശരീരവും ... !!

Thursday, September 12, 2013

സൈനികന്‍ ..

കണ്ണുകളുടെ ഏകാഗ്രത,
ശത്രുതാവളത്തിലെ
ചെറിയൊരു ചലനത്തില്‍ പോലും
തങ്ങിനില്‍ക്കുമ്പോള്‍ ,
കേള്‍വിയുടെ വേഗങ്ങള്‍
ഓരോ തരംഗവും
അളന്നുകുറിക്കുമ്പോള്‍,
ഏതൊരു നിമിഷവും
പാഞ്ഞെത്തുന്നൊരു വെടിയൊച്ചയില്‍
നെഞ്ചുവിരിച്ചു നില്‍ക്കുമ്പോള്‍ ,
അജ്ഞാതന്‍റെ തോക്കിന്‍മുനയില്‍
ജീവന്‍ തൂങ്ങിക്കിടക്കുമ്പോള്‍, 
പ്രാണന്‍റെ എതെങ്കിലും കോണില്‍
ഒരു കുഞ്ഞു വീടും
ഒരുപറ്റം സ്വപ്നങ്ങളും
അലറിക്കരയുന്നുണ്ടാവില്ലേ ?

വിപ്ലവങ്ങള്‍

വിപ്ലവച്ചോരയില്‍ വീണു ചിറകൊട്ടിപ്പോയ ഈയാംപാറ്റകള്‍ക്ക് തെല്ലും കുറ്റബോധമുണ്ടാവില്ല...
ആകാശങ്ങള്‍ക്കു വേണ്ടി പോരാടി നേടിയ ആത്മസംതൃപ്തിയുണ്ടാവും ..

Tuesday, September 10, 2013

തെരുവിലെ പാട്ട്

വഴിവിളക്കുകള്‍ ഞങ്ങള്‍ക്ക് സൂര്യനായിരുന്നു .. വിയര്‍പ്പുതുള്ളികള്‍ക്കിടയില്‍ ഞങ്ങള്‍ക്ക് പകലിനെ നഷ്ടമായിരുന്നു ..
ചില കരുണനിറഞ്ഞ ചിരികളിലായിരുന്നു മഴവില്ലുകള്‍ .. വാനം നോക്കി നടക്കുവാന്‍ പട്ടിണി ഞങ്ങളെ അനുവദിച്ചില്ല ..
കയ്യിലെ തഴമ്പും കവിളിലെ വിയര്‍പ്പും ഞങ്ങള്‍ക്ക് പാഠപുസ്തകങ്ങളായിരുന്നു .. വിദ്യാലയങ്ങളുടെ മരവിച്ച ബെഞ്ചുകളില്‍ അക്ഷരങ്ങള്‍ ഞങ്ങളില്‍നിന്നകന്നു നിന്നു ..
ഞങ്ങള്‍ മുള്ളുകളെ പുണരുകയും പൂവുകളെ പ്രണയിക്കുകയും ചെയ്യ്തു.. ആകാശങ്ങളെ കിനാവുകാണുകയും ചേറില്‍ പൊതിയപ്പെടുകയും ചെയ്യ്തു ..
പട്ടുമെത്തയോ തങ്കവളകളോ ഞങ്ങള്‍ ചോദിച്ചില്ല .. മണിമാളികയോ മാണിക്യക്കല്ലോ ഞങ്ങള്‍ തേടിയില്ല ..
അതാ ആ ഓലപ്പുരകളില്‍ വരൂ എല്ലാം തികഞ്ഞ നിങ്ങള്‍ തേടുന്ന ചിലത് കാട്ടിത്തരാം ... മനസ്സിന്‍റെ ചിരിയും , ആത്മാവിന്‍റെ നിറവും ... !!

ഈ ഹൃദയത്തിനുള്ളില്‍

ഈ ചുവരുകള്‍ക്കുള്ളില്‍നിന്നും
പുറത്തേയ്ക്കിറങ്ങിയാല്‍
എന്‍റെ തൂലികയും
എനിക്കൊപ്പം വരുമെന്നറിയാം ..
ഇനിയും ഞാന്‍ നിറങ്ങളിലേയ്ക്കും
പ്രകാശത്തിലേയ്ക്കും നടക്കാത്തത് ,
ഈ ചുവന്ന മഷിയില്‍
നിന്‍റെ സ്ഥാനം
നഷ്ടമാകുമെന്നതുകൊണ്ടാണ്
ഇവിടെയെങ്കിലും
നിന്നെ ഞാന്‍ കാത്തുവച്ചോട്ടെ .. !!

ഒളിച്ചിരിപ്പ്

കുറേ വാക്കുകളുടെ മറവില്‍
എത്രകാലം
എന്‍റെ ഹൃദയത്തെ ഒളിപ്പിച്ചുവയ്ക്കും ?
ഈ തണല്‍ മായും തോറും
വേനല്‍ക്കരങ്ങള്‍ എന്‍റെ കണ്ഠത്തിലേയ്ക്ക്
പിടിമുറുക്കുന്നു ..
ഈ നദി വരളും തോറും
പൊള്ളിക്കറുത്ത നിഴലുകള്‍
എന്‍റെ യാഥാര്‍ഥ്യത്തെ മൂടുന്നു ..
എത്ര നാള്‍ , എത്രനാള്‍ ഞാനെന്നെ
ഈ കവിതത്തണലില്‍ പൂഴ്ത്തിവയ്ക്കും ?? 

രാത്രിയില്‍ നിന്നും ...

എന്നില്‍ നിന്നും വേര്‍പെട്ട്,
ദൂരെ മാറിക്കിടക്കുകയാണുറക്കം..
നിറമുള്ള സ്വപ്‌നങ്ങള്‍ 
എന്നില്‍ നിറയ്ക്കാന്‍
അനുവാദം നല്‍കാതെ .. !!

നനുത്ത കാലടികളാല്‍
നീ എന്‍റെ രാത്രിയിലേയ്ക്കു വരിക ..
ഇരുളില്‍ നിലയില്ലാക്കയങ്ങളില്‍
നിലാവ് പോലെ പടര്‍ന്നു കയറുക..
ഈ തമസ്സിനെ നീ
പുലരിയാക്കി മാറ്റുക .. !!

തീപ്പെട്ടി .. തീ ചുമക്കുന്ന പെട്ടി

വയറ്റിലൊരു പന്തം ചുമന്ന്
അമ്മയുടെ അരികില്‍
ഒരു കുഞ്ഞിപ്പെട്ടി ..
കാടുകളുടെ ഒരുമയിലേയ്ക്കും
മേടുകളുടെ ഉണക്കിലേയ്ക്കും
കത്തിക്കയറുന്ന
തീക്കുരുന്നിന്‍റെ
വിശപ്പ്‌ ചുമക്കുന്ന കൊച്ചുപെട്ടി ..
അച്ഛന്‍റെ തണുപ്പിനൊപ്പം
പല രാത്രികളിലും കൂടെയിരുന്ന്
ചുണ്ടിലെ പുകയെരിച്ച്,
മടിക്കുത്തില്‍ ചൂടുപറ്റിയിരുന്ന്‍,
എപ്പോഴോ തന്‍റെ ചൂടിന്
അച്ഛന്‍റെ തണുപ്പിനെ
കീഴ്പ്പെടുത്താനാവില്ലെന്നറിഞ്ഞപ്പോള്‍
ആ ശരീരമാകെ എരിഞ്ഞുകയറി ,
പിന്നെ എങ്ങോട്ടേയ്ക്കോ
അച്ഛനെക്കൊണ്ട് പോയ
തീ ചുമക്കുന്ന പെട്ടി..


Monday, September 9, 2013

ഭാരം

എന്‍റെ വാക്കുകള്‍ക്കു ചുമക്കാന്‍ സാധിക്കുന്നതിലും എത്രയോ അധികം ഭാരമാണ് "നീ" എന്ന വാക്കിലെ യാഥാര്‍ത്ഥ്യത്തിന് ...

Sunday, September 8, 2013

അറിയാത്തത്

ഓർമ്മമരത്തിലെ  ഓരോ
ഇല കൊഴിയുമ്പോഴും ,
വിജനതയുടെ നിലങ്ങള്‍
നീറിത്തുടങ്ങുന്നു...
മനസ്സിലെ പൂമരം
ഏതു
ശിശിരത്തിലേയ്ക്കാണ് നടക്കുന്നത് ?
കാലം കാത്തുവച്ചിട്ടുണ്ടാവുമോ
വരണ്ട നിലങ്ങളില്‍
നിലവിളികളില്‍
കുളിരു പെയ്യുന്നൊരു
രാവ് ??

പകല്‍മാന്യന്‍

രാത്രിയുടെ തീവ്രതയില്‍
അവളെ
ആര്‍ത്തിയോടെ പ്രാപിക്കും !
പകലിന്‍റെ തിളപ്പില്‍
അവളെ
വേശ്യയെന്നു വിളിക്കും !
ആരുമറിയാതെ
അവളുടെ നേര്‍ക്ക്‌ നോക്കുമ്പോള്‍
പകല്‍മാന്യന്‍റെ
മനസ്സാക്ഷിയിലേയ്ക്ക്
ഒരായിരമമ്പുകള്‍
തുളഞ്ഞുകയറും .. !!

Saturday, September 7, 2013

ജീവിതത്തിന്‍റെ നടപ്പ്

എവിടേയ്ക്ക് തിരിഞ്ഞാലും
കൂടുതല്‍ അടുത്തേയ്ക്കെത്തുന്ന
മരണത്തിന്‍റെ കുതിരക്കുളമ്പടി !
ഒരിടത്തെയ്ക്കും തിരിഞ്ഞുനടക്കാനാവാത്ത
ജീവിതത്തിന്‍റെ മുന്‍പോട്ടേയ്ക്കുള്ള
വിറയാര്‍ന്ന ചുവടുകള്‍ !
വഴികളിലെല്ലാം തരിച്ചുനില്‍ക്കുന്ന
നിറം മങ്ങിയ കാഴ്ച്ചകള്‍.. ,.! 

വായിക്കപ്പെടാതെ

ഞാന്‍ വായിക്കപ്പെടുന്നില്ലെങ്കിലെന്ത് , നീ എഴുതപ്പെടുക എന്നത് എന്‍റെ ദൌത്യമാണ് .. !! അതിനാല്‍ നീ കാലങ്ങളില്‍ കുറിക്കപ്പെടുമെന്നത് ആരാലും മാറ്റാനാവാത്ത സത്യം... !! ഇങ്ങനെയൊരു തൂലിക എവിടെയോ എനിക്കായി കരുതപ്പെട്ടിരിക്കുന്നു എന്നെനിക്കറിയാം.. വായിക്കപ്പെടാതെ ..!!

മരണം കൊതിക്കുന്ന നോവുകള്‍

ഇരുളിലൊരു
പാതവിളക്കുപോലുമില്ലാതിരുന്നിട്ടും
കനല്‍ക്കട്ട പോലെ മനസ്സെരിച്ച് ..
ഉറക്കച്ചവടില്‍ ചുരുണ്ട് കിടക്കുന്ന
എന്‍റെ ആത്മാവിന്‍റെ പാതയിലൂടെ
ഇടയ്ക്കിടെ ലക്ഷ്യമില്ലാതെ
നീ അലഞ്ഞു നടക്കുന്നു ..
നിന്നെ വീണ്ടും കണ്ടുമുട്ടുമ്പോഴോക്കെ
മരണം കൊതിക്കുന്ന
ഈ തീവ്രവേദന.... 

പ്രണയത്തൂവല്‍ ..

വെയില്‍ കാഞ്ഞിരുന്നും
കടല്‍കാറ്റുകൊണ്ടും
കൊക്കുരുമ്മിയും
നാം പോയതെത്ര ദൂരം ..
ഇനിയൊരിക്കലും
തിരികെ വരില്ലെന്നോതി
കൈവീശി നമ്മള്‍ പോയ പാതകള്‍
അന്ന് നിസംഗതയോടെ നിന്നു..
എന്നിട്ടുമെവിടെയോ
ത്തൂവലുകള്‍ പാടെ കൊഴിഞ്ഞ്
പൂക്കാത്ത ചില്ലയുടെ
രണ്ടു തണലുകളില്‍
ആകാശത്തെ നോക്കി
നെടുവീര്‍പ്പിട്ട് നാമിരുന്നു ..
ഓര്‍മ്മകളില്‍ നിന്നും
പഴയ വഴികളിലേയ്ക്ക്
ഒരു പ്രകാശധാര ..
തനിച്ചു യാത്ര ചെയ്യുമ്പോള്‍
ആളൊഴിഞ്ഞുകിടക്കുന്ന
ചില വിജനതകള്‍
അട്ടഹസിക്കുന്നു ..
പണ്ടെന്നോ തമ്മില്‍ ചിരിച്ചും ചിരിപ്പിച്ചും
കളിയാക്കിയും പറന്നയിടങ്ങളില്‍
ചിതറിക്കിടക്കുന്ന വര്‍ണ്ണ വിസ്മയങ്ങള്‍
നമ്മുടെ ആ പഴയ പ്രണയത്തിന്‍
ഓര്‍മ്മത്തൂവലുകള്‍.. ,... !!

Friday, September 6, 2013

ആദ്യകാഴ്ച്ച

കണ്ടു .. ഒരു നിമിഷം.. ഒരു നോക്ക് .. 
ചേക്കേറിയത് ഒരു ജന്മത്തിലേയ്ക്ക് .. 
എന്‍റെയീ സ്വപ്നലോകത്തേയ്ക്ക് ... !!

ഒറ്റ വാക്കിലെ കവിത

ഒറ്റവാക്കില്‍ എഴുതാവുന്ന
ഏറ്റവും ആഴമേറിയ
സ്നേഹം നിറഞ്ഞ
സുന്ദരമായ ഒരു കവിതയുണ്ട് ..
"അമ്മ" !!

Thursday, September 5, 2013

മലയാളത്തിന്‍റെ പച്ചമണ്ണ്

ഹൃത്തില്‍ നാട്ടിലെ പച്ചമണ്ണിന്‍റെ
ഒട്ടലുണ്ടായിരുന്നതു കൊണ്ടാവാം
ഈ മഞ്ഞിന്‍കൂടാരത്തിലും
തമ്മില്‍ പിരിയാനാവാതെ
നാമെപ്പോഴും ചേര്‍ന്നുനില്‍ക്കുന്നത് !

മായാജാലം

അതിന്റെ മുനകളാല്‍ നോവുമ്പോഴും, ആ കനലില്‍ പൊള്ളുമ്പോഴുമാണ് പ്രണയത്തിന് അതിന്‍റെ ചുവപ്പുനിറം കൈവരുന്നത്. അത് വരെ, നാം പ്രണയത്തിന്‍റെ യഥാര്‍ത്ഥ സുഖം അറിയുന്നില്ല.. അഥവാ അറിഞ്ഞാല്‍ തന്നെ , അത് നൈമിഷികമാണ്.. കൈയ്യടക്കി പിടിക്കുമ്പോഴല്ല, കൈ വിരിച്ചു പറത്തി വിടുമ്പോഴാണ് പ്രണയം അതിന്‍റെ മായാജാലം നമ്മെ കാട്ടിത്തരുന്നത്‌.... ,... 

ഉള്ളിലെ മരുഭൂമി

പ്രഭാതം പൂത്തുനില്‍ക്കുന്ന
തണുപ്പന്‍ താഴ്വാരത്തിലെവിടെയോ
നട്ടുച്ച പൊള്ളുന്ന മരുഭൂമി
ഉള്ളില്‍പേറി ,
ഒരു ജീവന്‍ പാടുന്നു ...
അവളൊന്ന് എന്നിലേയ്ക്ക്
പെയ്യ്തിരുന്നുവെങ്കിലെന്ന്... !!

നന്ദി

ഒന്നുമില്ലായ്മയിലേയ്ക്ക്
തമസ്സിലേയ്ക്ക്
എന്നും നിലാവ് പരത്തുന്ന
നക്ഷത്രക്കൂട്ടത്തെ സമ്മാനിച്ച
പ്രിയപ്പെട്ട അദ്ധ്യാപകര്‍ക്ക്
ഒരായിരം നന്ദി ..

നടക്കുന്ന വഴികള്‍

അക്ഷരങ്ങള്‍
ചിലപ്പോഴൊക്കെ ഒളിച്ചിരിക്കാറുണ്ട്...
മണ്ണിലും മഞ്ഞിലും മഴയിലുമൊക്കെ
അവയെ തേടി നമ്മള്‍ നടക്കും..
ഒടുവില്‍ തിരിച്ചറിയും
നമ്മള്‍ നടന്ന വഴികളെല്ലാം
കവിതകളായിരുന്നുവെന്ന്..

പുകയുടെ കഥ

ഓരോ പുകച്ചുരുളുകളിലും
അവളെ മനസ്സില്‍നിന്നും
പറത്തിവിട്ടു..
അവളെ
പൂര്‍ണ്ണമായും സ്വതന്ത്രയാക്കാന്‍
മുറി മുഴുവന്‍ പുക നിറച്ചു..
എപ്പോഴൊക്കെയോ ഞാനും
അല്‍പാല്‍പ്പമായി
പുകഞ്ഞുകൊണ്ടിരുന്നു..
അവളെ മറന്നപ്പോഴേയ്ക്കും  
ഒരു സാമ്പ്രാണിത്തിരി
എന്‍റെ കല്ലറമേല്‍ കത്തിത്തുടങ്ങിയിരുന്നു ... 

ദൈവം

അനുഗഹിക്കപ്പെടാത്ത
ഒരു നിമിഷം പോലും
എന്നിലൂടെ കടത്തിവിടാത്ത
ശക്തിയോടാണെനിക്ക് ഭക്തി...
പേരില്ലാതെ ,
ചരിത്രങ്ങളോ, പുരാണങ്ങളോ,
യുദ്ധമോ ഇല്ലാതെ
മതമില്ലാതെ ജാതിയില്ലാതെ
മത്സരങ്ങളില്ലാതെ ,
പൂക്കളെയും
പ്രകൃതിയെയും
കടലിനെയും
സംഗീതത്തെയും
കവിതയെയും
രാത്രിയെയും
നിലാവിനെയും
ചിന്തകളെയും
എനിക്ക് സമ്മാനിക്കുന്ന
അജ്ഞാതനായ ശക്തി...
കലഹിക്കാത്ത,
കലഹങ്ങള്‍ക്കെന്നെ പറഞ്ഞയക്കാത്ത ദൈവം 

കടലാസുപൂക്കള്‍ തേടിപ്പോയവനോട്

എന്നും കാണുന്ന ഒരേ നിറമുള്ള ,
കടലാസ്സുപൂക്കളെയും നീയൊരിക്കല്‍ മറക്കും ...
നിറം മങ്ങിത്തുടങ്ങുമ്പോള്‍ വെറുക്കും ..
പിന്നെ വലിച്ചെറിയും..
എന്‍റെ ആരാമത്തില്‍ പൂത്ത പനിനീര്‍പ്പൂക്കള്‍
നിറം മങ്ങാതെ കൊഴിഞ്ഞു ..
പിറ്റേന്ന് മറ്റൊരു നിറത്തില്‍ വിരിഞ്ഞു...
നഷ്ടം നിനക്കാണ്.. നിനക്ക് മാത്രം ..

പ്രവാസിയുടെ ഓണം

ഒരു പൂക്കളം ഞാന്‍ തീര്‍ക്കുന്നുണ്ട്
നെഞ്ചിന്നകത്ത് നീറുന്ന
കനലിന്‍ മുറ്റത്ത് .. !
വെയില്‍ തിന്നുന്ന മരുഭൂമി
ഇന്ന് കരിവാളിച്ച മുഖത്തോടെ
ഒരു നിമിഷത്തെ തണല്‍ നീട്ടുന്നു ..

കണ്ണുകളുടെ മറവിലെ
തൂവാനത്തെയും  ,
തുമ്പപ്പൂക്കളെയും
തൊടികളെയും ,
തൊട്ടാവാടികളെയും
ഓര്‍മ്മക്കാറ്റില്‍
വിരലുകള്‍ നീട്ടി
ഞാന്‍ തൊടുകയാണ്..
കുളിരുന്ന അമ്മനാടിന്‍റെ
പൂമണം പുല്‍കുകയാണ്..

അങ്ങ് ദൂരെ
സ്വപ്നങ്ങളുടെ കിളിക്കൂട്ടില്‍
പൂവിളികള്‍ക്കും
ഓണപ്പാട്ടുകള്‍ക്കുമപ്പുറം
കാതങ്ങളും കടലുകളും കടന്നൊരു
സ്നേഹത്തിന്‍ തലോടല്‍
കാത്തിരിപ്പുണ്ട്‌ കുറേ കണ്ണുകള്‍ ...

ഇനിയൊരിക്കല്‍ ഒരോണക്കാലത്ത്
സ്വപ്നങ്ങളുടെ ഭാണ്ഡം താഴ്ത്തിവച്ച്
തിരികെയെത്തുമ്പോഴും
പ്രിയപ്പെട്ട ഭൂമീ ,
നീ കാത്തുവയ്ക്കുക
എനിക്കായ് ഒരു കൂട പൂക്കളും
മങ്ങാത്ത
എന്‍റെ ഓര്‍മ്മയിലെ നിറങ്ങളും .. !!

പ്രണയം നിറയെ

ഒരു ബഹളവും കടന്നു വരാത്ത
ഈ മൌനം പ്രണയത്തിന്‍റെതാണ്...
സംഗീതം മാത്രമാണിവിടം നിറയ്ക്കുക ..
ഈ ശൂന്യതയില്‍ പരക്കുന്നത്
നിലാവ് മാത്രം ..
രണ്ടു പരല്‍മീനുകളെപ്പോലെ നാം ..
മറ്റൊന്നുമറിയാതെ ... !!

ഗസല്‍

ഒരു ഗസല്‍ നാദത്തിന്‍റെ
ഇഴപിരിയാത്ത നാദത്തിലൂടെ
മരണത്തിലേയ്ക്ക്  നടക്കുന്ന
ശരറാന്തല്‍നാളത്തില്‍ ..
ലഹരിയുടെ തണുപ്പ്
സിരകളിലേയ്ക്ക് നൂണിറങ്ങുമ്പോള്‍
ഓര്‍മ്മകളെ മറക്കാന്‍
പഠിക്കുമെന്നാരോ പറഞ്ഞു !
ഓരോ വരികളും വീണ്ടും വീണ്ടും
നിന്നെ ഓര്‍മിപ്പിക്കുമ്പോള്‍
മറക്കാന്‍ ശ്രമിക്കുന്നതെങ്ങനെ ??

Wednesday, September 4, 2013

സമ്മാനങ്ങള്‍

നീ തന്ന ഒരു പൂവുകൊണ്ടാണ്
ഞാനീ വസന്തമുണ്ടാക്കിയത്..
എന്‍റെ
കാറ്റും ആകാശവും
മണ്ണും നിറയെ
നിനക്കായ് ഇതളുകള്‍ നിറഞ്ഞപ്പോള്‍ ,
തണുത്തുറഞ്ഞ ഒരു ഹേമന്തത്തിലൂടെ
അന്ന് നിനക്ക് സമ്മാനിച്ച പൂച്ചെണ്ടുകള്‍
ഒഴുകിയകലുന്നതു ഞാന്‍ കണ്ടു ...

time to be calm

There will be certain instances in life, where people can literally drag you out of your little shell and poke you with a tiny bruise. Sometimes it can stay in your heart as painful longing or an unfinished dream. Even it pops up to you and  push and pull your heart a million ways , for the reason is not easily describable. Stay there. Be quiet and and take the pain for sometime and then things settle down. Bubbles on the surface of water are meant to be broken anyways. 

കണ്ണുകളുടെ ഭാഷ

കണ്ണുകള്‍ക്ക്‌ മാത്രമായി ഒരു ഭാഷയുണ്ട് ..
കലങ്ങിമറിയുന്ന ഗോളങ്ങളില്‍
വാക്കുകളോ വരികളോ ഇല്ലാതെ
ബിംബങ്ങളും കല്‍പ്പനകളും ഉപമകളുമില്ലാതെ
എണ്ണമറ്റ കാവ്യങ്ങള്‍ ..
നിന്‍റെ കണ്ണുകളില്‍ മാത്രം ഞാന്‍
വായിച്ചെടുക്കുന്ന
എന്‍റെ സകലചോദ്യങ്ങളുടെയും
മൌനംചാലിച്ച ഉത്തരങ്ങള്‍... !,..

അറിയാതെയെങ്കിലും..

നമ്മുടെ ചിന്തകള്‍ സഞ്ചരിക്കുന്ന
വഴികളില്‍ ഇടയ്ക്ക്
ഇരുട്ട് പറക്കാറുണ്ട് ..
ഉണര്‍വ്വ് പോലൊരു
മിന്നല്‍ വെളിച്ചത്തില്‍ കാണാം
തനിച്ചിരുന്നു പൊട്ടിക്കരയുന്ന
ചില നിമിഷങ്ങളെ... !
ഒരു തലോടലില്‍
ഒരു ചുംബനത്തില്‍
പിടഞ്ഞെണീറ്റു മുന്‍പോട്ടേയ്ക്കോടുന്ന
വിധിയുടെ ആരും കാണാത്ത തോല്‍വി... !!

അഗ്നിയുടെ ആഴത്തിലെയ്ക്കുള്ള പറക്കല്‍

അറിയാം എന്നെ കാത്തിരിക്കുന്നത് അഗ്നിയുടെ വേവും കടലാഴങ്ങളുമാണെന്ന് .. എങ്കിലും വീണ്ടും വീണ്ടും നിന്നിലെയ്ക്ക് നടക്കുവാന്‍ മനസ്സ് വെമ്പുകയാണ്.. ചിരവിരഹത്തില്‍ വീണെന്‍റെ ചിറകുകള്‍ നഷ്ടമാകുമെങ്കിലെന്ത് ... അത് നിന്‍റെ ഹൃത്തില്‍ തന്നെയാണല്ലോ എന്ന് ആശ്വാസം ....!

ഇവിടെ കുറിക്കുന്നതിന് കാരണം


വാക്കുകളെല്ലാം
ഇവിടെ അടുക്കി വയ്ക്കുന്നതോ .. ?

നിന്നെ ഇത്രയേറെ പ്രണയിച്ച
എന്‍റെ ശരീരം
ഒരിക്കല്‍
ഒരു മാവിന്‍കൊള്ളിയുടെ പുകയിലൂടെ
എവിടേയ്ക്കെന്നില്ലാതെ പോയ്‌ മറഞ്ഞേക്കാം ..
നിനക്കായ്‌ ഒരു ജന്മം തപിച്ച
എന്‍റെ മനസ്സും
ഒരിക്കല്‍
കത്തി ആളിയ കനല്‍കെടുമ്പോള്‍
എന്തെന്നില്ലാതെ  മരവിച്ചു പോയേക്കാം ...
നിന്നെ നോക്കി കണ്ണീരോടെ പാടിയ
എന്‍റെ ചിന്തകളും
ഒരിക്കല്‍
ഒരു സാഗരത്തില്‍
അലിഞ്ഞു പോയേക്കാം ..

എങ്കില്‍ എന്തെന്നോ ??
നിന്നെ ഓര്‍ക്കുന്ന ഓരോ നിമിഷവും ഞാന്‍
ഈ മഷിയില്‍ ജീവന്‍ കടത്തുകയാണ് ..
നിന്നെക്കുറിച്ചുള്ള ഓരോ ചിന്തകള്‍ക്കും
ശ്വാസം പകരുകയാണ് ..
നീ കഴിഞ്ഞും
ഞാന്‍ കഴിഞ്ഞും
ഈ യുഗം കഴിഞ്ഞും
നമ്മുടെ പരമ്പരകള്‍ കഴിഞ്ഞും
ജീവനോടെ ഉണ്ടാവണം
നിനക്കായ് ഞാന്‍ ജീവിച്ച ഓരോ നിമിഷവും ...
നിന്നെക്കുറിച്ചു വ്യസനിച്ച
ഓരോ നോവും ..
നിന്നെ പ്രണയിച്ച ഓരോ നിനവും .. !!

ഓരോ പൂക്കാലങ്ങളും കഴിയുമ്പോഴും
നീ പുനര്‍ജ്ജനിക്കുവാന്‍ കാത്ത്
എന്‍റെ മനസ്സ് ഇവിടെയുണ്ടാവും ...
കാലവും ലോകവും
പലതവണ കറുത്തിരുളുമായിരിക്കാം ..
എന്നും ചുവന്നു ചോരചിന്തി നില്‍ക്കുന്ന
എന്‍റെ പ്രണയം
വാക്കുകളിലെങ്കിലും അന്ത്യമില്ലാത്തതാവട്ടെ ... 

നിന്‍റെ കരവലയത്തിലെ പുലരികള്‍

വാക്കുകളാല്‍ വരച്ചു ചേര്‍ത്ത പതിനാലു നടകളും നിന്നിലേയ്ക്കുള്ള വാതില്‍ തുറന്നിടുന്നു ... ഇതാ ഞാന്‍ നിന്നിലെയ്ക്ക് നടക്കുകയാണ് .. നീ തുറന്നു വച്ച വാതിലില്‍ ഒരു ചിരിയോടെ ഞാന്‍ നിന്നെ പ്രതീക്ഷിക്കുന്നു... നിന്‍റെ കരങ്ങള്‍ക്കുള്ളില്‍ എനിക്കായൊരു പുലരി പിറക്കണം ..

സ്വപ്നത്തിലെ സ്വപ്നം

ഓരോ തവണയും ഉണരുമ്പോഴും
കണ്ണില്‍ നിന്നും
വേര്‍പെട്ടു വീഴുന്നൊരു
തുള്ളി മാത്രമായി
എന്നും നീയെന്‍റെ നിദ്രയില്‍
കണ്‍പാര്‍ത്തിരിക്കുവതെന്തിന് ?

മഴയത്തെ പൂവ്

എന്‍റെ ഓരോ വാക്കിന്‍ ചുവട്ടിലും
ആരും കാണാതെ നിന്ന്
നനയുന്ന ഒരു പൂവുണ്ട്...
എന്‍റെ നെഞ്ചിന്‍ചുവട്ടില്‍
മഴ കൊണ്ട് വാടാതെ നില്‍ക്കുന്ന
പ്രിയപ്പെട്ട പൂവേ..
നീയിതെങ്ങനെ അറിഞ്ഞു,
ഞാന്‍ നിനക്കായ് പെയ്യുന്നുവെന്ന്...
നിന്‍റെ ആകാശം കുളിരില്‍ നിറയ്ക്കാന്‍
ഞാനുണ്ടെന്ന്..
ഒന്ന് മാത്രം...
നനഞ്ഞു നനഞ്ഞ്,
ഒരിക്കല്‍
നീയെന്‍റെ മണ്ണിലേയ്ക്ക്
തളര്‍ന്നു വീണാല്‍
പിന്നെ ഞാന്‍ ശൂന്യമാവും..
കണ്ണീര്‍ വാര്‍ക്കുന്നൊരു
വാനം മാത്രമാവും ഞാന്‍ ..

Tuesday, September 3, 2013

എന്‍റെ വേനല്‍

ചിലപ്പോള്‍ ഞാന്‍
വേനല്‍പോലെയാണ്
ഓരോ വഴിയിലും
കത്തിനില്‍ക്കും..
പിന്നെയൊരു പുതുമഴയില്‍
ആരോരുമറിയാതെ
ഒഴുകിയകലും ... !!

പിരിയേണ്ടി വന്നവര്‍

ഒരേ പുഴയായ് ഒഴുകി ,
പിന്നീടെപ്പോഴോ കൈവഴികളായി
പിരിയേണ്ടിയിരുന്നവരായിരുന്നു നമ്മള്‍ ...
ഇന്നിതാ രണ്ടു തീരങ്ങളില്‍ ..
രണ്ടു ധ്രുവങ്ങളില്‍ ..
രണ്ടാകാശച്ചെരുവുകള്‍ നോക്കി ...
നമ്മള്‍ ... ഇനിയൊരു പുനര്‍ജന്മം കൊതിച്ച്..  

Monday, September 2, 2013

പൂമണം നിറഞ്ഞ പ്രണയം


നമ്മുടെ ഹൃദയങ്ങള്‍
എത്ര പൂക്കാലങ്ങള്‍ക്കൊണ്ടാണ്
മൂടപ്പെട്ടിരിക്കുന്നത്...
ഓരോ ഇതളുകളിലും
ശലഭസ്വാതന്ത്ര്യത്തോടെ
പ്രണയം പാറിക്കളിക്കുന്നു..
ഇവിടെ നമ്മളില്ല ..
നീയില്ല..
ഞാനില്ല..
നിങ്ങളില്ല..
അടക്കിപ്പിടിക്കലോ..
സ്വാര്‍ഥതയോ ..
കെട്ടുകളോ ഇല്ല..
പ്രണയം മാത്രം..
ഈ ചിറകുകള്‍ക്കായ് ഒരാകാശം മുഴുവന്‍
പൂമണം ശേഖരിച്ചു ചേര്‍ത്തിരിക്കുന്നു .. 

നടന്നു വന്നത്

മനസ്സിലെ കുറേ
കാലവര്‍ഷങ്ങളകലെ
ഓര്‍മ്മകളുമായി
വഴിയോരത്ത് കാത്തുനില്‍ക്കുന്നു
തേക്കില ചൂടിയൊരു
കളിത്തോഴന്‍ ..
കൂടെ നനഞ്ഞു നടക്കുമ്പോള്‍
അന്ന് ഞാന്‍ കരുതിയിരുന്നോ
ഇന്നീ കവിതയിലേയ്ക്കുള്ള
നടപ്പായിരുന്നു അതെന്ന്..

Sunday, September 1, 2013

കൂടിക്കാഴ്ച്ച

ഒരേ കഥയുടെ രണ്ടു തുടര്‍ച്ചകളാണ് നമ്മള്‍
എത്ര പിരിഞ്ഞാലും ഒടുക്കം
നമ്മള്‍ കണ്ടുമുട്ടേണ്ടവര്‍ തന്നെ...
ഒരു കണ്ണീരിലോ
ഒരു ചിരിത്തുമ്പിലോ
വീണ്ടും നമ്മള്‍ കാണും ..
ഒരേ പുഴയുടെ രണ്ടു കൈവഴികള്‍
കടലില്‍ ചേരും പോലെ  .. !

പഞ്ഞമില്ലാതെ

നിന്നെക്കുറിച്ചെഴുതുമ്പോള്‍ മാത്രം
വാക്കുകള്‍ക്കു പഞ്ഞമില്ലാതാവുകയും
പകലുകള്‍ കൂടുതല്‍
തിളക്കമുള്ളതാവുകയും ചെയ്യുന്നു
എന്നില്‍ നിന്നും നിന്നിലെയ്ക്ക്
പ്രവഹിക്കുന്ന ഒരു അദൃശ്യവലയമുണ്ട്
അവിടെ വാക്കുകളുടെ മായാജാലമുണ്ട് ...
ഞാനെന്നോ നീയെന്നോ അതിരുകളില്ലാതെ
പ്രണയം മാത്രം സ്പന്ദിക്കുന്ന
നമ്മുടെ ലോകം..