Sunday, July 7, 2013

The Purple Hibiscus

2011, november 19.തണുത്ത സന്ധ്യയിൽ  തെളിഞ്ഞ ആകാശം. അന്ന് ബാംഗ്ലൂരിൽ നിന്നും ദുബായിലേയ്ക്ക് തിരിക്കുകയാണ് ഞാൻ. അത്യാവശ്യമായി ചില കാര്യങ്ങൾ തീർക്കേണ്ടിയിരുന്നതിനാൽ രണ്ടു ദിവസത്തെ ആ യാത്രയ്ക്ക് ഞാൻ നിർബന്ധിതയായിരുന്നു. അന്ന് രാത്രി തിരികെയെത്തിയാൽ പിറ്റേ ദിവസം എന്റെ പുതിയ ജോലിയിലേയ്ക്ക് പ്രവേശിക്കുകയാണ്. ആകാശപ്പരപ്പുകളെ സ്വപ്നത്തിൽ കാലങ്ങളോളം ചുമന്നു നടന്ന ഞാൻ, വീണ്ടും ചിറകുകൾ വിടർത്തുകയാണ്. 
എയർപോർട്ടിൽ എത്താൻ അല്പം വൈകിയിരുന്നതിനാൽ തിടുക്കപ്പെട്ട് കൌണ്ടറുകൾ കടക്കുകയാണ്. ഇന്ത്യയിൽ നിന്നും പുറത്തേയ്ക്ക് പോ
കുന്നവർ പൂരിപ്പിക്കേണ്ട ഒരു ഫോം ഉണ്ട്. അതു കയ്യിൽ കിട്ടിയപ്പോഴാണ് പേനയെടുക്കാൻ മറന്നല്ലോ എന്നോർത്തത്. അടുത്തു നിന്ന സ്ത്രീയുടെ കയ്യിൽനിന്നും പേന വാങ്ങി. അവരൊരു ആഫ്രിക്കക്കാരിയാണ്‌.. സൌമ്യവും ദീപ്തവുമായ  മുഖം. തിളങ്ങുന്ന ഉണ്ടക്കണ്ണുകൾ. ചുരുണ്ട മുടി. അവർക്ക് വല്ലാത്തൊരു സൌന്ദര്യമായിരുന്നു. സൌന്ദര്യത്തെക്കാളേറെ അവരുടെ മുഖത്തെ ശാന്തതയാണ് എന്നെ ആകർഷിച്ചത്. എന്തിരുന്നാലും അടുത്തിരുന്ന പുസ്തകമെടുത്തു മടിയിൽ വച്ച്, ഫോം പൂരിപ്പിച്ചു.
പേന മടക്കിക്കൊടുത്തു ഞാൻ അവരോടു നന്ദി പറഞ്ഞു. തിരികെ ഒന്നും പറഞ്ഞില്ല. നേർത്തൊരു ചിരി മാത്രം അവശേഷിപ്പിച്ച് എന്റെ കാഴ്ച്ചയിൽ നിന്നും അവർ മറഞ്ഞു. എന്തുകൊണ്ടാണെന്ന് അറിയില്ല അവരുടെ മുഖം മനസ്സിൽ വല്ലാതെ പതിഞ്ഞിരുന്നു. 
വീണ്ടും തിടുക്കപ്പെട്ട് ഞാൻ എന്റേതായ കാര്യങ്ങളിലേയ്ക്ക് മുഴുകി. ഫ്ലൈറ്റിൽ കയറിയതിനു ശേഷമാണ് ശ്വാസം നേരെ വീണത്‌.. , വന്ന കാര്യങ്ങൾ ഭംഗിയായി തീർക്കുമ്പോഴും മടങ്ങിപ്പോക്കിനെപറ്റിയായിരുന്നു ആവലാതി മുഴുവൻ. എങ്ങാനും വൈകിയാൽ പിറ്റേ ദിവസം അതിരാവിലെ തുടങ്ങുന്ന എന്റെ പുതിയ ജോലിയുടെ ട്രെയിനിംഗ് മുടങ്ങും. മുടങ്ങുമെന്ന് മാത്രമല്ല, ഒരുപാട് ശ്രമിച്ചും, സഹിച്ചും പൊരുതിയും കൈയ്യിൽ വന്ന എന്റെ ഏറ്റവും പ്രിയപ്പെട്ട ജോലി നഷ്ടമായെന്നും വരാം. എന്തായാലും അങ്ങനെയൊന്നും ഇനി ഉണ്ടാവില്ല. ദൈവം തുണയുണ്ട്. 
തോൾ സഞ്ചി ഒതുക്കി വയ്ക്കാൻ തുടങ്ങുമ്പോഴാണ് ശ്രദ്ധിച്ചത്, എയർപോർട്ടിൽ ഫോം വച്ച് പൂരിപ്പിക്കാൻ എടുത്ത പുസ്തകം തിരികെ വയ്ക്കാൻ മറന്നു. സാരമില്ല, ഇനിയിപ്പോ എന്തായാലും  തിരികെ കൊണ്ടുപോയി വയ്ക്കാൻ സാധിക്കില്ല. അപ്പോഴാണ്‌ കയ്യിലിരുന്ന പുസ്തകത്തിന്റെ തലക്കെട്ട്‌ ശ്രദ്ധയിൽപെട്ടത്. "The Purple Hibiscus". ആഴത്തിലുള്ള അർത്ഥമോ ,ചിന്തയോ ഒന്നുമില്ലെങ്കിലും ആ തലക്കെട്ട്‌ എനിക്കേറെ ഇഷ്ടമായി. എങ്കിലും ആ പുസ്തകം തുറക്കാനോ വായിക്കാനോ തോന്നിയില്ല.Chimamanda Ngozi Adichie എന്ന നൈജീരിയൻ കഥാകൃത്തിന്റെ നോവലാണ്‌ അത് എന്നു മാത്രം മനസ്സിലായി. 
ദിനങ്ങളും, ആഴ്ചകളും,മാസങ്ങളും പല മുഖങ്ങളും, വേഷങ്ങളും, കാണിച്ചു കടന്നു പോയി.ഈയിടെ ഞാൻ താമസിച്ചിരുന്ന  വീട്ടിൽനിന്നും പുതിയതിലേയ്ക്ക് ചേക്കേറി. സാധനങ്ങൾ അടുക്കിപ്പെറുക്കുന്നതിനിടയിൽ വീണ്ടും , ഈ "പർപ്പിൾ ചെമ്പരത്തി" എന്റെ  കണ്ണിൽ പെട്ടു. അന്നെന്തോ, ആ പുസ്തകം ഒന്ന് തുറന്നു നോക്കാൻ മനസ്സുതോന്നി. അലസമായി ആ പുസ്തകം തുറന്നപ്പോഴേ എനിക്ക് അതിൽ നിന്നും മറ്റൊരു നീളൻ കടലാസും ലഭിച്ചു. അതിലൂടെ കണ്ണോടിച്ച് അല്പം നേരം ഞാൻ അനക്കമില്ലാതിരുന്നു. തുടർന്ന് വായിക്കാനാവാത്ത വിധം കാഴ്ച തടസ്സപ്പെടുത്തി എന്റെ കണ്ണിലൊരു ഈറൻ മറയുണ്ടായിരുന്നു.
അന്ന് എന്റെ ശ്രദ്ധയെ ഒരു നിമിഷം പിടിച്ചു നിറുത്തിയ ആ ആഫ്രിക്കക്കാരിയുടെ ശാന്തമായ മുഖം ഞാനാ കടലാസ്സിൽ വീണ്ടും കണ്ടു.രണ്ടു വർഷങ്ങൾക്കു ശേഷo ഇന്നെന്റെ ഹൃദയത്തെ അതേ മുഖം പിടിച്ചുലച്ചിരിക്കുന്നു. അത് അവർ മറന്നു വച്ച പുസ്തകമായിരുന്നു.ശ്വാസകോശത്തെ വളരെ വഷളായി ബാധിച്ചിരിക്കുന്ന കാൻസറിന്റെ ഇരയാണവർ. ഇതു നിമിഷവും മരണപ്പെട്ടേക്കാമെന്ന തിരിച്ചറിവിലുള്ള മനസ്സിന്റെ അവസാനത്തെ അന്വേഷണമായിരുന്നോ അവരുടെ വലിയ കണ്ണുകളിൽ നിന്നും ഞാൻ വായിച്ചെടുത്ത അസാധാരണമായ ആ ശാന്തത ??   വായിച്ചറിഞ്ഞ സത്യം എന്നെ മുറിപ്പെടുത്തി.
ഏതു നിമിഷവും മരണത്തെ പ്രതീക്ഷിച്ചിരുന്ന ആ കണ്ണുകളുടെ തിളക്കം ഇന്നും
ഞാൻ എത്ര വ്യക്തമായി ഓർക്കുന്നു.  
ഇന്ന് , ഇതെഴുതുന്ന സമയം പെരെന്തെന്നോ, ഏതു നാട്ടിലെന്നോ അറിയാത്ത ആ സ്ത്രീയിന്നും ലോകത്തിന്റെ ഏതെങ്കിലും കോണിൽ ജീവനോടെയുണ്ടെങ്കിൽ അവർക്കെന്നും നല്ലത് വരട്ടെയെന്നു ഞാൻ പ്രാർഥിക്കുന്നു. അഥവാ, ആ ഉള്ളിലൊരു ആഴക്കടൽ നിറയുമ്പോഴും ശാന്തമായി ചിരിച്ച ആ മനസ്സും ശരീരവും ഇതിനകം മരവിച്ചിട്ടുണ്ടെങ്കിൽ , എന്റെയീ ഓർമ്മയുടെ പർപ്പിൾ പൂക്കൾ അവർക്ക് സമർപ്പിക്കുന്നു.  

14 comments:

  1. വിദൂരങ്ങളില്‍ നിന്ന് പ്രാര്‍ത്ഥനകള്‍

    ReplyDelete
  2. മ്രനമെതുന്ന നേരത് നീയെന്റെ അരികില്‍
    ഇത്തിരിനേരം ഇരിക്കണേ........എന്ന് റഫീഖ് അഹമ്മദിന്റെ കവിത ഓര്മ വന്നു.

    ReplyDelete
  3. പ്രാര്‍ത്ഥനകള്‍....എന്റെയും ..!

    ReplyDelete
  4. കഥയിലേക്കുള്ള ചുവടു പിഴച്ചില്ല... :)

    ReplyDelete
  5. പ്രാര്‍ത്ഥനകള്‍!!!!





    [[ കവിത മാത്രമല്ല വഴങ്ങുന്നതെന്ന് തെളിയിച്ചു!! ]]

    ReplyDelete
  6. കഥ / അനുഭവം - നന്നായി ഒഴുക്കോടെ..... വീട്ടില്‍ കുട്ടിക്കാലത്ത് എവിടെ നിന്നോ കൊണ്ട് വെച്ച വയലറ്റ് ചെമ്പരത്തിയെ ഓര്‍മ്മിപ്പിച്ചു കഥയുടെ പേര്.... ആശംസകള്‍

    ReplyDelete
  7. പ്രാര്‍ത്ഥനകളില്‍ ചേരുന്നു....

    ReplyDelete
  8. ആ കടലാസ് എന്തിനെക്കുറിക്കുന്നുവെന്നോ , ആ കടലാസില്‍ നിന്നും അവരുടെ രോഗവിവരം എങ്ങിനെ കിട്ടിയെന്നോ വായനക്കാരുമായി സംവദിക്കാത്ത ഈ കഥയില്‍ ആ കടലാസ് കിട്ടുന്ന ഭാഗം മാത്രം എന്തോ ഏച്ചുവെച്ചു കെട്ടി മുഴപ്പിച്ചു വെച്ചതുപോലെ തുറിച്ചു നോക്കി പരിഹസിക്കുന്നു ...!

    ReplyDelete
  9. അനുഭവക്കുറിപ്പ് പോലെ തോന്നി ഗിലൂ... കഥയെന്നരീതിയില്‍ കുറവുകള്‍ ഉണ്ടെങ്കിലും വായനാ സുഖമുണ്ട് ...

    ReplyDelete
  10. അനുഭവങ്ങളെ കഥയാക്കി മാറ്റുമ്പോള്‍ അതിനു കൂടുതല്‍ തീവ്രത ലഭിക്കും.. കഥയ്ക്ക് ലഭിച്ച നല്ലൊരു വിഷയത്തെ കൃത്യമായി ഉപയോഗിച്ചോ എന്നതില്‍ സംശയമുണ്ട്.... ആശംസകള്‍

    ReplyDelete
  11. ഒരു കഥ എന്നതിനേക്കാള്‍ ഒരു ജീവിതത്തിലെ ഒരു ഏട് എന്ന് പറയാം.
    പുസ്തകത്തില്‍ നിന്ന് ലഭിച്ച കടലാസിനെക്കുറിച്ച് എന്തെങ്കിലും വിശദീകരിക്കാമായിരുന്നു. ഡോക്ടറുടെ കുറിപ്പടി ആണോ അതോ സ്ത്രീ കുതിക്കുരിച്ച വരികളാണോ എന്ന് വ്യക്തമാകാതെ പോയി.
    ഇനിയും എഴുതുക..
    ആശംസകള്‍

    ReplyDelete
  12. വളരെ നല്ലത് എന്ന് പറയാന്‍ പറ്റില്ലെങ്കിലും.. കൊള്ളാം മോശമായില്ല.

    ReplyDelete