Wednesday, September 19, 2012

എന്‍റെ വേനല്‍പ്പക്ഷി



ഹൃദയക്കൂട്ടില്‍ സ്വാതന്ത്ര്യം നല്‍കാതെ ബന്ധിച്ചിട്ടും ,
കത്തുന്ന ചിന്തകളിലിട്ടു കരിച്ചിട്ടും ,
പ്രണയമേ, നീ പരിഭവമൊന്നും പറഞ്ഞില്ലല്ലോ ?
സഹതാപം തോന്നിയിട്ടായിരുന്നു ,
നിനക്കന്നു ഞാനൊരു സൂര്യാസ്തമയത്തിന്‍റെ കൂടെ
ചിറകടിച്ചുയരാന്‍ അനുവാദം തന്നത് !
പുലരുമ്പോഴേയ്ക്കും നിന്‍റെ തിരിച്ചുവരവിനായി
ഹൃദയമൊരുക്കി കാത്തിരുന്നതും
വെറുതെയാണെന്ന് അറിയാമായിരുന്നു !
നിന്‍റെ ഗാനങ്ങളും, നിഴലനക്കങ്ങളുമില്ലാതെ,
ആളൊഴിഞ്ഞ തീരത്തൊരു ഭ്രാന്തനെ പോലെ
നിലാവ് മരിച്ച രാത്രികള്‍ തോറും
മൌനത്തിന്‍റെ ലഹരി പുകയായി പറപ്പിച്ച് ,
നീറുന്ന വിരഹം കണ്ണീരായി കുടിച്ച്
ഏകനായി നടക്കാറുണ്ടായിരുന്നു !
നീയില്ലാത്ത ഈ ഹൃദയം
അല്‍പാല്‍പ്പമായി മുറിച്ച്
അവയ്ക്ക് കവിതയുടെ ചിറകുകള്‍ തുന്നിച്ചേര്‍ത്ത്
നീ പറന്നുമറഞ്ഞ ദിശയിലെയ്ക്കെന്‍റെ
പ്രണയസന്ദേശങ്ങള്‍ അയയ്ക്കാറുണ്ടായിരുന്നല്ലോ ?
ചക്രവാളങ്ങള്‍ക്കപ്പുറത്ത് നിന്നെങ്ങാനും
നീയത് കാണാറുണ്ടായിരുന്നോ  ?
അതോ നോവു പെയ്യ്ത വേനലിന്‍ ചൂടില്‍
ചിറകുരുകി നിലം പതിച്ചുവോ ?
സൂര്യദാഹത്തോടെ ,
കനല്‍ക്കണ്ണുകളോടെ ,
ചുറ്റും ഉദിച്ചുയരുന്ന ഒരായിരം ചോദ്യങ്ങള്‍
എനിക്ക് നേരെ ശരങ്ങള്‍ തൊടുക്കുമ്പോള്‍
അല്പം നീരസം പോലും കാട്ടാതെ
പറന്നകന്ന എന്‍റെ വേനല്‍പ്പക്ഷീ ,
കാഴ്ച്ചയുടെ വരമ്പുകളും കടന്ന്
നീ മറയുവോളം ഞാന്‍ ജീവിച്ചിരുന്നു !!

No comments:

Post a Comment